Karthika Road :Seventh Block Place Of Horror
കടുത്ത പേമാരിയില്‍ ബാംഗ്ലൂര്‍ നഗരം ഉറങ്ങിക്കൊണ്ടിരുന്ന ഒരു വേനല്‍ക്കാലമായിരുന്നു അത്. കൂറ്റാ കൂരിരുട്ട്. അന്ന് പിള്ളേരായ പിള്ളേരെയെല്ലാം എഴുത്തിന് ഇരുത്തുന്ന കഷ്ട്ടപൂജാഷ്ട്ടമി നാളായിരുന്നു. കോള്‍ സെന്ററിലെ വൈകിയുള്ള ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ നാലരയ്ക്ക് ഞാന്‍ ഇന്ദിരാ നഗറില്‍ ബസ്സിറങ്ങുമ്പോള്‍ റോഡ് വിജനം. അന്നവിടെ കന്നഡികരുടെ ദേശീയോത്സവമായ ഓണം സെലിബ്രേഷനും കൂടിയായിരുന്നു. കഷ്ട്ടകാലം വരുമ്പോള്‍ എല്ലാം കൂട്ടത്തോടെന്നും, ഓണത്തപ്പനും, ഓടനാവട്ടം ഓമനേം ഒരുമിച്ച് വരുമെന്നും പണ്ടേ ബനാനാ ടോക്കുണ്ടല്ലോ.
വഴിയോരം വിജനമായിരുന്നു. ഇന്ദിരാ നഗറില്‍ നിന്ന് ഞാന്‍ റൈറ്റ് കട്ട് ചെയ്ത്
കന്നഡിക രക്ഷണ്‍ വേദിയുടെ ഓഫീസിനു മുന്‍പിലൂടെ കാര്‍ത്തികാ റോഡിലെക്ക് തിരിഞ്ഞു.
സ്ട്രീറ്റ് ലൈറ്റുകളെല്ലാം അണഞ്ഞു കിടന്നിരുന്നു. ദൂരെ മജസ്റ്റിക്കിനടുത്ത് ദേവീകുളം ആകാശവാണി നിലയത്തിന്റെ ഓഫീസിനു മേലെ അവിടുത്തെ സ്റ്റാഫിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ശബ്ദം കേള്‍ക്കാമായിരുന്നു... രാവിലെ ദര്‍ബാര്‍ സിങ്ങിനൊപ്പം അടിച്ച കിങ്ങ്ഫിഷറിന്റെ ഹങ്ങോവര്‍ മാറാഞ്ഞതു കൊണ്ടാവണം എന്റെ കാലുകള്‍ കുഴയുന്നുണ്ടായിരുന്നു.
ബസന്ത് നഗറിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറകില്‍ നിന്നും
ചെന്നായ്ക്കളുടെ ഉച്ചത്തിലുള്ള ഓരിയിടീല്‍ കേള്‍ക്കാമായിരുന്നു. തലയ്ക്കു മുകളിലെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും ഒരു മൂങ്ങയുടെ ക്രൗര്യമായ മൂളല്‍ കേട്ടു. ചെരുപ്പിന്റെ നീണ്ട ഹീലു കാരണം എനിക്ക് ഇപ്പോ വീഴുമെന്ന് പോലും തോന്നിപ്പോയി.
സെവന്‍ത് ബ്ലോക്കിലേക്ക് ഞാന്‍ തിരിഞ്ഞപ്പോഴാണ് എനിക്കൊരു സംശയം ഉദിച്ചത്. ആരോ പിന്തുടരുന്നുണ്ടോ?
ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി...
ഇല്ല തോന്നലാണ്...
വീണ്ടും നടന്നു.
ബംഗ്ലൂര്‍ മേയറുടെ ഭാര്യ വീടെന്ന് മറ്റുള്ളവരില്‍ നിന്ന് അറിഞ്ഞ വലിയ ബംഗ്ലാവിനു മുന്‍പിലൂടെ ഞാന്‍ പതിയെ നടന്നു.
പിന്നില്‍ വീണ്ടും അതേ കാലടി ശബ്ദം..?
യെസ്. എന്റെ ഉള്ളിലൂടെ ഒരു നടുക്കം പാഞ്ഞു....
ഞാന്‍ പതിയെ തല ചരിച്ച്, ഇടംകണ്ണ് കൊണ്ട് ഒന്നു നോക്കി. ഇല്ല ആരും ഇല്ല....
എന്റെ ചെവിയുടെ പിറകിലൂടെ വിയര്‍പ്പു തുള്ളി ചാലിട്ടു... എന്റ കാലുകള്‍ക്ക് ബലം വര്‍ദ്ധിച്ചു. നടപ്പിനു വേഗത കൂടി. സീസ്റ്റന്‍ ചാപ്പലിലിരുന്ന് മാര്‍പ്പാപ്പ പ്രാര്‍ത്തിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അനുഗ്രഹീത വലയം എന്നേക്കൂടെ ഭ്രമണം ചെയ്യട്ടെ എന്ന് ഞാന്‍ മനസ്സുകൊണ്ടാശിച്ചു...
സെവന്‍ത് ബ്ലോക്കിലെ അവസാനത്തെ കെട്ടിടമായിരുന്നു എന്റെ അപ്പാര്‍ട്ട്മെന്റായ സൈമൺ ലില്ലി. ഞാനതിന്റെ ഗേറ്റിലെത്തി. വാച്ച്മാന്‍ ഉറക്കമാണോ?
"വാച്ച്മാന്‍ ... വാച്ച്മാന്‍ ..."
ഞാന്‍ വിളിച്ചുകൊണ്ടിരുന്നു.
വാച്ച്മാന്‍ അപ്പുറത്തിരുന്ന് ബാറ്റ്മാന്‍ കാണുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
വാച്ച്മാനെ വിളിച്ച് വിളിച്ച് എന്റെ തൊണ്ടക്കുഴിയിലെ വെള്ളം വറ്റി. പതിയെ കാര്‍ത്തികാ റോഡിന്റെ, ബന്നാര്‍ഗട്ട ജംഗഷനിലെ എന്റിലേക്ക് നോക്കി. ഞാന്‍ നടുങ്ങിപ്പോയി... ഒരു രൂപം, ഒരു ഏഴേഴര എട്ടൊന്‍പത് അടിയുള്ള ഒരു ആജാനുബാഹുവായ രൂപം, അത് സ്ട്രീറ്റ് ലൈറ്റുകളുടെ അവ്യക്തമായ പ്രകാശത്തെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നടുക്കുന്നു...
ഈശ്വരാ, ഇങ്ങനൊരു രൂപത്തേക്കുറിച്ച് ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലില്‍ പോലും കേട്ടിട്ടില്ലല്ലോ എന്ന ചിന്ത എന്നെ തളര്‍ത്തിക്കളഞ്ഞു. അടുത്തേക്ക് വരുന്ന രൂപത്തിന് മുഖമുണ്ടായിരുന്നില്ല. കടുത്ത ബ്രൗണും, ബ്ലാക്കും ഇടകലര്‍ന്ന നിറങ്ങളുള്ള തല മറയ്ക്കുന്ന നീണ്ട രോമക്കുപ്പായമാണയാള്‍ ധരിച്ചിരുന്നത്. പൊടുന്നനെ ഇന്‍ഡ്യന്‍ എയര്‍ഫോഴ്സിന്റെ ഒരു ഹെലികോപ്ടര്‍ തലയ്ക്കു മുകളിലൂടെ ഒരു ഇരമ്പലോടെ പാഞ്ഞു പോയി. ഹെലികോപ്ടറിന്റെ ഇന്‍ഡിക്കേറ്ററിന്റെ വെളിച്ചത്തില്‍ ഞാനാ രൂപത്തെ മുഴുവനായി കണ്ടു. ആ ഭീമാകാരന് വലതു കൈ ഇല്ലായിരുന്നു. ഇടതുകൈയ്യില്‍ വലിയൊരു പിക്കാസ് വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു...
എന്റെ രക്തം ഉറഞ്ഞു തുടങ്ങി... പിക്കാസ്സാ വെബ് ആല്‍ബത്തില്‍പ്പോലും ഇത്ര വല്യൊരു പിക്കാസ് ഞാന്‍ കണ്ടിട്ടില്ല...
ഏതോ ഘാതകനാണ്. അവന്റെ ഉദ്ധേശം എന്താണ്. റേപ്പാണോ?
ഒരു റോപ്പ് കിട്ടിയിരുന്നെങ്കില്‍ ഈ ഗേറ്റ് ചാടിക്കടന്നു പോകാമായിരുന്നു. അല്ലെങ്കില്‍ ഒരു റോക്ക് കിട്ടിയാല്‍ അതെടുത്ത് അവന്റെ മണ്ടയ്ക്കെറിഞ്ഞിട്ട് ഓടാമായിരുന്നു. ഗേറ്റിനു മേലേ നിന്നും ഒരു വവ്വാൽ ചിറകടിച്ച് പറന്നു പോയി. മേയറുടെ ഭാര്യ വീട്ടിലെ ചെയിഞ്ചിങ്ങ് റോസിന്റെ ചുവട്ടില്‍ വെച്ച് ഒരു കരിമ്പൂച്ച ഒരു പന്നിയെലിയെ തിന്നുകൊണ്ടിരുന്നു.
മരണം ഉറപ്പായി.. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു...
അമ്മോ അച്ചോ ഓടി വരണേ.
പക്ഷേ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.
മാടമ്പള്ളിയിലെ നിലവറ മൈന മയങ്ങിപ്പോയിരുന്നു....
ഞാന്‍ ഓടി. എനിക്ക് പിന്നില്‍ സെവന്‍ത് ബ്ലോക്കിലെ ഒരോരോ അപ്പാര്‍ട്ടുമെന്റുകളും മറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കാനയുടെ സൈഡിലെ കാനം രാജേന്ദ്രന്റെ വീടിന്റെ മതിലിലൂടെ വലിഞ്ഞു കയറി. അവരുടെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ മതിലിനോട് ചേര്‍ന്ന് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് പതുങ്ങിയിരുന്നു. എത്ര നേരമങ്ങനെ കടന്നു പോയി എന്നറിയില്ല.
പെട്ടന്ന് ചെറിയ ഞരങ്ങലോടെ ഗേറ്റ് തുറക്കപ്പെട്ടു. അതേ അയാള്‍
വരുകയാണ്... ആ ആജാനുബാഹു....
ഭഗവതീ... ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
എന്റെ ബ്ലൂ സ്കേർട്ട് ഞാന്‍ ഇലകള്‍ക്കിടയിലേക്ക് പതിയെ കയറ്റി എന്നെത്തെന്നെ ഒളിപ്പിക്കാന്‍ ശ്രമിച്ചു. എന്നെ വിറയ്ക്കുന്നുണ്ടായിരുന്നു. ആ വേനലിലും, മഞ്ഞു കാലത്തെന്നത് പോലെ എന്റെ താടി കിടുകിടുത്തു. രൂപത്തെ ഞാന്‍ പാതി കണ്ണ് തുറന്ന് നോക്കിക്കൊണ്ടിരുന്നു. എന്റെ മുഖവും മനസ്സും ഭീതികൊണ്ട് കരുവാളിച്ച് പോയിരുന്നു....
മരിക്കാന്‍ പോകയാണ്.
അല്ല, കൊല്ലപ്പെടാന്‍ .....
എന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍ പാഞ്ഞു...
തണുത്ത മരണം മുന്‍പിലുണ്ട്.
പട്ടി കാലന്‍ കൂവി. കോഴി കാലക്കേട്കൊണ്ട് കൂവി...
ചെവിയില്‍ ചൂളം കുത്തുന്നു... മരണത്തിന്റെ ചൂളം കുത്തല്‍.
ഞാന്‍ ചെവി പൊത്തി.
ഗ്വാണ്ടനാമോയിലെ തടവുകാര്‍ ഉറക്കെയുറക്കെ ഓരിയിട്ടു.
ഓാഓാഓാഓാഓയ്.................
ഇനി ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഉടനേ തന്നെ ഞാന്‍ ബാഗില്‍ നിന്നും ലിപ്സ്റ്റിക്കെടുത്ത് ചുണ്ടില്‍ പുരട്ടി.
ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു. ഫെയര്‍ ആന്റ് ലൗലി പതുക്കെ ഞെക്കി മുഖത്തും കഴുത്തിലും തേച്ചു. കണ്ണില്‍ കണ്മഷി തേക്കാനായി ബാഗില്‍ പരതി. പക്ഷേ അത് മാത്രം കിട്ടിയില്ല. എങ്കിലും തക്ക സമയത്ത് ഒരു ഐഡിയാ കിട്ടി.നേരേ, മതിലിലെ പായലിനടിയിലിരുന്ന കറുത്ത ചെളി വാരി കണ്‍ പിരികത്തില്‍ തേച്ചു. ഇപ്പോ സുന്ദരിയായിട്ടുണ്ട്. ഇനി ചിരിച്ചുകൊണ്ടിരിക്കണം. കൊലപാതകി എന്ത് ചെയ്താലും ചിരിച്ചു കൊണ്ട് തന്നെയിരിക്കണം. മുഖം വികൃതമാകരുത്.
കത്തി കൊണ്ട് കുത്തിയാലും പിക്കാസ്സു കൊണ്ട് വെട്ടിയാലും
ചിരി വിടരുത്. നാളത്തെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലും, ഡെക്കാന്‍ ക്രോണിക്കിളിലും ഞാന്‍
കൊല്ലപ്പെട്ടുകിടക്കുന്ന സുന്ദരമായ ഫോട്ടോ തന്നെ അച്ചടിക്കപ്പെടണം...
എങ്ങനെയായിരിക്കും അയാളെന്നെ കൊല്ലുക?
ഗജിനിയിലെ അസിനേപ്പോലെ കത്തികൊണ്ട് കുത്തിയോ?
അതോ തലയ്ക്ക് വലിയ ടി.എം.ടി. കമ്പി കൊണ്ട് അടിച്ചോ?
അതിന്റെയൊക്കെ ഉപയോഗം അയാള്‍ക്ക് വരുമെന്ന് തോന്നുന്നില്ല.
കയ്യിലൊരു പിക്കാസ്സുണ്ട്. മൈ ബ്ലഡീ വാലന്റൈന്‍സിലേപ്പോലെ, ഫ്രൈഡേ ദ തേര്‍ട്ടീന്തിലേപ്പോലെ.. ഒരു പിക്കാസ്സ് കൊലപാതകി...
അയാള്‍ക്ക് അതു തന്നെ ധാരാളം!
പൊടുന്നനെയാണത് സംഭവിച്ചത്. ബാഗിലിരുന്ന എന്റെ മൊബൈല്‍ അപ്രതീക്ഷിതമായി റിങ്ങ് ചെയ്തു....
എന്റെ തലയില്‍ നക്ഷത്രങ്ങള്‍ പറന്നു. എന്റെ ഹ്രിദയമിടിപ്പ് നിലച്ചു.
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ ഞാന്‍ ഭയാക്രാന്തയായി.
ക്രൗര്യമായ ആ രൂപം - അതേ, ഗെറ്റില്‍ പിടിച്ചുകൊണ്ട് കിതയ്ക്കുകയായിരുന്ന ആ രൂപം - എന്നെ, ഞാനിരുന്ന ഭാഗത്തേക്ക് പൊടുന്നനെ ചുഴിഞ്ഞു നോക്കി.
കാനം രാജേന്ദ്രന്റെ ബെഡ്രൂമിലെ റോസ് വെളിച്ചം എന്റെ മേലേ പടരുന്നുണ്ടായിരുന്നു.
എന്റെ ചുണ്ടുകള്‍ വിറച്ചു. രൂപം എന്റെ അടുത്തേക്ക് ചുവടുകള്‍ വെച്ചു... വാച്ചിലെ സക്കന്റ് സൂചിയുടെ നേരിയ ശബ്ദം പോലും എനിക്കു കേള്‍ക്കാവുന്നത്ര നിശബ്ദത അവിടെയുണ്ടായിരുന്നു... ഇപ്പോ പിക്കാസ് ഉയര്‍ന്നു താഴും... എന്റെ അന്ത്യ കുര്‍ബാന ഇവിടെ പൂര്‍ത്തിയാകും. അതിനു മുന്‍പ് സ്വയം ഒപ്രിശുമ ചൊല്ലിയേക്കാം.....
ഉറക്കെ അലറിയാല്‍ പോലും കാര്‍ത്തികാറോഡ് സെവൻത് ബ്ലോക്ക് എനിക്ക് രക്ഷ തരുമെന്ന് തോന്നുന്നില്ല... ഞാന്‍ കൈ കൂപ്പിക്കൊണ്ട് മതിലിനോട് പറ്റിയിരുന്നു.
രൂപം അടുത്തു വന്നു. ഞാന്‍ യാചനയൊടെ ആ പത്തടിയുള്ള രൂപത്തെ നോക്കി.
പെട്ടന്ന് അയാളുടെ കയ്യില്‍ നിന്ന് പിക്കാസ്സ് താഴെ വീണു.
അയാള്‍ പുതച്ചിരുന്ന. ശീല പോലെ ചുറ്റിയ വലിയ ജാക്കറ്റ് -കരിമ്പടം- പിന്നിലേക്ക്
ഊര്‍ത്തി എറിഞ്ഞു.
ഞാന്‍ ഞെട്ടിപ്പോയി.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അത് ആജാനുബാഹുവായ ഒരാളല്ല. രണ്ട് പേരാണ്.
അതാ ഒരുത്തന്റെ തോളില്‍ ഒരു അഞ്ചു വയസ്സുകാരന്‍ പയ്യന്‍ ഇരിക്കുന്നു...
ഞാൻ കണ്ണു തിരുമ്മി വീണ്ടും നോക്കി.
അതേ. അതങ്ങനെ തന്നെയാണ്.
എനിക്ക് മുന്‍പില്‍ നില്‍ക്കുന്ന ആളുടെ തോളില്‍ ഒരു ചിന്ന പയ്യന്‍സ് ഇരിക്കുകയാണ്.
പെട്ടന്ന് രൂപം പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് എന്റെ മുഖത്തേക്ക് തെളിച്ചു.
എന്റെ മുഖം വ്യക്തമായതും അയാളില്‍ നിന്ന് ഒരു ആശ്ച്ചര്യകരമായ ശബ്ദം പുരപ്പെട്ടു
"അക്കാ നീങ്ക ഏന്‍ ഇങ്കെ വന്ത് ഒക്കാന്തിരിക്കിറേന്‍ ? ഏന്‍ , എന്നാ ആച്ച് അക്കാ?"
]അക്കയെന്നോ. ആരുടെ അക്ക.ഞാന്‍ അംബരന്നു.
കൊലപാതകിക്കും മാനേഴ്സോ? പക്ഷേ ഈ ശബ്ദം, ഇത് നല്ല പരിചയമുണ്ട്!
"അക്കാ ഇത് നാന്‍ താന്‍ . ഇന്ത സ്ട്രീറ്റിലെ ട്രെയിനേജ് ക്ലീനാക്കിറ വേലയെല്ലാം സെയ്യിറ അന്‍പഴകന്‍ ."
അന്‍പഴകനോ.
ഞാൻ ആലോചിച്ചു
ട്രെയിനേജ് ക്ലീനര്‍ അന്‍പഴകന്‍ ..?!
ഇവനാരുന്നോ ഈ കാലമാടനായി തന്നെ പേടിപ്പിച്ചത്?
"അക്കാ ഇന്ന് കാലത്ത് വന്ത് ട്രെയിനേജ് ക്ലീനാക്കറുതുക്ക് താന്‍ , നാനും എന്‍ കുഴൈന്തയും
വന്തത്. അപ്പോ ഒരു പൊണ്ണ് ഇന്തപ്പക്കം ഓടി പോകിറത് നാങ്ക പാത്തേന്‍ . അത് യാരെന്ന് തെരിയ്റുതുക്ക് താന്‍ നാങ്ക ഫോളോ പണ്ണി വന്തത്. അന്ത ആള്‍ നീങ്ക താന്‍ന്ന് ഇപ്പൊതാന്‍ തെരിഞ്ചത്. നീങ്ക എതുക്ക് ഇങ്കെ വന്ത്.......?"
ഞാന്‍ ചാടി എഴുനേറ്റു.
ഞാന്‍ രണ്ടുമൂന്നു തവണ ദീര്‍ഘമായി നിശ്വസിച്ചു.
എത്ര നേരം ശ്വാസം അടക്കിപ്പിടിച്ചതാണ്...
എന്നിട്ട് എന്നിട്ട് അന്‍പഴകനെ നോക്കി ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.
"എന്റെ അന്‍പഴകാ, ഇത് നീയാണെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കില്‍ ഞാനിത്ര ടെന്‍ഷനടിക്കൂലാരുന്നു. ഞാന്‍ പേടിച്ച് ചത്ത് പോകേണ്ടതായിരുന്നു... ഞാനെന്തുമ്മാത്രം പേടിച്ച് പോയി... ഗജിനി, സഞ്ചയ് രാമസ്വാമി, അസിന്‍ ... അവസാനം പവനായി ശവമായി"
അത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ബോധം കെട്ട് കാനം രാജേന്ദ്രന്റെ ഉദ്യാനത്തിന്
നടുവിലേക്ക് വീണു. അത്രയും നേരം കെടാതെ പോയ എന്റെ ബോധം അന്നേരമാണ് കെട്ട് പോയത്.
Comment down your favourite topics.
ReplyDeletePost a Comment